Friday, May 7, 2010

വരയാടുകളുടെ വെബ്‌സൈറ്റിന് ബ്രിട്ടാനിക്കയുടെ അംഗീകാരം

വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രാജ്യാന്തരശ്രദ്ധനേടുന്നു. മുന്‍വനംവകുപ്പുദ്യോഗസ്ഥന്‍ മോഹന്‍ അലമ്പത്ത് ഒരുക്കിയ ഈ വെബ്‌സൈറ്റ് ഉള്ളടക്കത്തിലെ സമഗ്രതയ്ക്കുള്ള ബ്രിട്ടാനിക്ക ബെസ്റ്റ് വെബ്‌സൈറ്റ് ബഹുമതി നേടിക്കഴിഞ്ഞു. അപൂര്‍വവന്യമൃഗമായ വരയാടുകളെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാക്കുന്ന ലോകത്തിലെ ഒരേയൊരു വിവരസ്രോതസാണിത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ മോഹന്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി വരയാടുകളെക്കുറിച്ച് പഠനം നടത്തിവരികയാണ്. 1978-ല്‍ ഇരവികുളം വന്യജീവി സങ്കേതത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി ജോലിക്ക് കയറിയ അന്നുമുതല്‍ തുടങ്ങിയതാണ് വരയാടുകേളാടുള്ള കമ്പം. 2001-ല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിക്കുംവരെ വരയാടുകളുടെ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വംശനാശഭീഷണിനേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ്ബുക്കിലുള്ള വരയാടുകളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര ശില്പശാലകളില്‍ പങ്കെടുക്കുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള സംശയങ്ങളുമായി തന്നെ സമീപിക്കുന്ന ഗവേഷകവിദ്യാര്‍ഥികളുടെ സൗകര്യത്തിനാണ് വെബ്‌സൈറ്റ് സ്ഥാപിച്ചതെന്ന് മോഹന്‍ പറയുന്നു. തികച്ചും അക്കാദമിക് സ്വഭാവം കാത്തുസൂക്ഷിക്കുന്ന സൈറ്റില്‍ വരയാടുകളുടെ ശാസ്്ത്രീയനാമം തൊട്ടു പ്രജനനരീതികള്‍ വരെയുണ്ട്. 2008-ലാണ് തുടങ്ങിയത്. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക പ്രഖ്യാപിക്കുന്ന അവാര്‍ഡിന് ആ വര്‍ഷം തന്നെ വെബ്‌സൈറ്റ് അര്‍ഹമാകുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതുവരെയുള്ള പഠനങ്ങളും വെബ്‌സൈറ്റില്‍ നിന്നറിയാം.

No comments:

Post a Comment