Friday, May 7, 2010

കുടിവെള്ളം മലിനമാക്കാതിരിക്കുക




നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍ കൂടിപ്പോയതാണ് കേരളത്തിലെ പ്രശ്‌നം. 44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.


മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ശുദ്ധജലം കൂടിയേ തീരൂ. ആരോഗ്യമുള്ള ലോകത്തിന് ശുദ്ധജലം എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം.അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.*


ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.മലിനജലം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഉള്ള വെള്ളം മലിനമാകാതെ, പാഴാക്കാതെ നോക്കുകയെന്നത്. ഓര്‍ക്കുക വെള്ളത്തിനു പകരം ഉപയോഗിക്കാവുന്നൊരു പദാര്‍ഥം കണ്ടുപിടിക്കാന്‍ ഇതുവരെ മനുഷ്യനു .കഴിഞ്ഞിട്ടില്ല

വരയാടുകളുടെ വെബ്‌സൈറ്റിന് ബ്രിട്ടാനിക്കയുടെ അംഗീകാരം

വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രാജ്യാന്തരശ്രദ്ധനേടുന്നു. മുന്‍വനംവകുപ്പുദ്യോഗസ്ഥന്‍ മോഹന്‍ അലമ്പത്ത് ഒരുക്കിയ ഈ വെബ്‌സൈറ്റ് ഉള്ളടക്കത്തിലെ സമഗ്രതയ്ക്കുള്ള ബ്രിട്ടാനിക്ക ബെസ്റ്റ് വെബ്‌സൈറ്റ് ബഹുമതി നേടിക്കഴിഞ്ഞു. അപൂര്‍വവന്യമൃഗമായ വരയാടുകളെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാക്കുന്ന ലോകത്തിലെ ഒരേയൊരു വിവരസ്രോതസാണിത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ മോഹന്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി വരയാടുകളെക്കുറിച്ച് പഠനം നടത്തിവരികയാണ്. 1978-ല്‍ ഇരവികുളം വന്യജീവി സങ്കേതത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി ജോലിക്ക് കയറിയ അന്നുമുതല്‍ തുടങ്ങിയതാണ് വരയാടുകേളാടുള്ള കമ്പം. 2001-ല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിക്കുംവരെ വരയാടുകളുടെ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വംശനാശഭീഷണിനേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ്ബുക്കിലുള്ള വരയാടുകളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര ശില്പശാലകളില്‍ പങ്കെടുക്കുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള സംശയങ്ങളുമായി തന്നെ സമീപിക്കുന്ന ഗവേഷകവിദ്യാര്‍ഥികളുടെ സൗകര്യത്തിനാണ് വെബ്‌സൈറ്റ് സ്ഥാപിച്ചതെന്ന് മോഹന്‍ പറയുന്നു. തികച്ചും അക്കാദമിക് സ്വഭാവം കാത്തുസൂക്ഷിക്കുന്ന സൈറ്റില്‍ വരയാടുകളുടെ ശാസ്്ത്രീയനാമം തൊട്ടു പ്രജനനരീതികള്‍ വരെയുണ്ട്. 2008-ലാണ് തുടങ്ങിയത്. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക പ്രഖ്യാപിക്കുന്ന അവാര്‍ഡിന് ആ വര്‍ഷം തന്നെ വെബ്‌സൈറ്റ് അര്‍ഹമാകുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതുവരെയുള്ള പഠനങ്ങളും വെബ്‌സൈറ്റില്‍ നിന്നറിയാം.

കുട്ടികളുടെ വെബ്‌ സൈറ്റ്

ഗലീലിയോ ലിറ്റില്‍ സയിന്ടിസ്ട്